Thursday, 17 June 2021

വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിന് മുൻപിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്.

 


വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിന് മുൻപിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്. നാലു വേദങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാലു വാക്യങ്ങളെയാണ്‌ മഹാവാക്യങ്ങൾ എന്നു പറയുന്നത്‌. മഹാവാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

പ്രജ്നാനം ബ്രഹ്മഃ - ശുദ്ധബോധമാണ്‌ ബ്രഹ്മം
തത്ത്വമസി - അത്‌ നീ ആകുന്നു.
അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ
അഹം ബ്രഹ്മാസ്മി - ഞാൻ ബ്രഹ്മമാകുന്നു.
ഗുരു ശിഷ്യന്‌ പകർന്നു കൊടുക്കുന്ന അറിവ്‌ ശിഷ്യൻ സാധനയിലൂടെ സാക്ഷാൽക്കരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ്‌ ഈ നാലു മഹാവാക്യങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്നത്‌. ആദ്യത്തെ വാക്യത്തെ നിർവചന വാക്യം എന്നു പറയുന്നു. സാക്ഷാൽക്കരിക്കേണ്ടുന്നതിനെ നിർവചിക്കുന്നതിനാലാണ്‌ ഇതിനെ നിർവചന വാക്യം എന്ന്‌ പറയുന്നത്‌. രണ്ടാമത്തെ വാക്യം ഉപദേശ വാക്യമാണ്‌. ഗുരു ശിഷ്യന്‌ സ്വസ്വരൂപം ബ്രഹ്മമാണെന്ന്‌ ഉപദേശ രൂപേണ പറഞ്ഞുകൊടുക്കുകയാണിവിടെ. മൂന്നാമത്തെ വാക്യം സാധനാ വാക്യമാണ്‌. തന്റെ സ്വരൂപം ബ്രഹ്മമാണെന്ന ഉപദേശം സാധനയിലൂടെ ശിഷ്യൻ സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നതിനെ ഈ വാചകം പ്രതിനിധാനം ചെയ്യുന്നു. സഫലമായ സാധനയിലൂടെ സാക്ഷാൽക്കരിച്ച ആത്മതത്വമാണ്‌ നാലാമത്തെ മഹാവാക്യം.
മഹാ വാക്യങ്ങളിൽ വെച്ച്‌ ഏറ്റവും ചെറുതും അതേ സമയം ഏറ്റവും ഗഹനവും ആണ്‌ തത്ത്വമസി എന്ന ഉപദേശ വാക്യം. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ നിന്നാണ്‌ തത്ത്വമസി എടുത്തിട്ടുള്ളത്‌. ശ്വേതകേതു എന്ന മുനികുമാരന്‌ പിതാവായ ഗുരു ഉപദേശിക്കുന്ന വാക്യമാണ്‌ തത്ത്വമസി. വാക്യത്തിന്റെ ഗഹനത കൊണ്ടാകണം ഉപനിഷത്തിൽ ഈ വാചകം ഒൻപത്‌ തവണ ആവർത്തിക്കപ്പെടുന്നു; അഥവാ ഒൻപതാമത്തെ തവണ ഉപദേശിച്ചപ്പോഴായിരിക്കണം ശ്വേതകേതു അതിന്റെ പൂർണ്ണമായ അർത്ഥം ഉൾക്കൊണ്ടത്‌. തത്ത്വമസി എന്ന വാചകം പിരിച്ചെഴുതുമ്പോൾ തത്‌ + ത്വമസി എന്ന്‌ ലഭിക്കും. തത്‌ എന്ന വാക്കിനർത്ഥം അത്‌ എന്നാണ്‌. ത്വമസി എന്നാൽ നീ ആകുന്നു എന്നർത്ഥം.
വാക്യത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ ഈ മഹാവാക്യത്തിനുള്ള വ്യാഖ്യാനമായി ശങ്കരാചാര്യർ വാക്യവൃത്തി എന്ന പേരിൽ ഒരു പ്രകരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്‌. സ്വതന്ത്രമായ ഒരു തത്ത്വവും പറയാതെ വേദത്തിലും ഉപനിഷത്തിലും പറഞ്ഞിരിക്കുന്ന തത്ത്വങ്ങളെ വിദ്യാർത്ഥിക്ക്‌ എളുപ്പം മനസ്സിലാകുന്ന രീതിയിൽ ആവർത്തിക്കുന്ന പുസ്തകങ്ങളാണ്‌ പ്രകരണ ഗ്രന്ഥങ്ങൾ. അനുഷ്ടുപ്പ്‌ എന്ന വൃത്തത്തിലുള്ള സരളമായ ശ്ളോകങ്ങളിലൂടെ ആചാര്യർ ഈ മഹാവാക്യത്തിൽ മറഞ്ഞുകിടക്കുന്ന സത്യത്തിന്റെ ചുരുളഴിയിക്കുന്നു. ആചാര്യരുടെ വ്യാഖ്യാനപ്രകാരം വാക്യവൃത്തിയിൽ മൂന്നു ഭാഗങ്ങളിലായി 'അത്‌' എന്ന്‌ വിവക്ഷിക്കപ്പെടുന്നതിനെയും 'നീ' എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നതിനേയും 'ആകുന്നു' എന്നതിലൂടെ ഇവ രണ്ടും തമ്മിലുള്ള അഭേദത്തേയും വിശദീകരിക്കുന്നു.

No comments:

Post a Comment