ആചാര്യൻ എ.കെ.ബി. നായആധ്യാത്മരാമായണത്തിലെ ഉമാമഹേശ്വരസംവാദത്തിൽ പാർവതീദേവി നാലുതരം സ്വഭാവമുള്ളവരെപ്പറ്റിയും അവർക്ക് ജീവിതത്തിലുണ്ടാകുന്ന വൻ നഷ്ടങ്ങളെക്കുറിച്ചും ശ്രീ മഹാദേവനോട് പറയുന്നുണ്ട്. എഴുത്തച്ഛന്റെ വരികൾ ശ്രദ്ധിക്കുക:
കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിംകണന്മാരായുള്ളോർക്കർത്ഥവുമുണ്ടായ്‌വരാ-
കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ്‌വരാ;
കിംദേവന്മാർക്കു ഗതിയും പുനരതുപോലെ
(ബാ.കാ.355-358)
കിംക്ഷണന്മാർക്കും കിംകണന്മാർക്കും കിമൃണന്മാർക്കും കിംദേവന്മാർക്കും ജീവിതത്തിൽ നികത്താനാവാത്ത നഷ്ടങ്ങൾ സംഭവിക്കുന്നുവെന്ന പാർവതീദേവിയുടെ അഭിപ്രായത്തിന് വർത്തമാനകാല പ്രസക്തിയുണ്ട്.
കിംക്ഷണന്മാരെന്നാൽ അൽപസമയത്തെ നിസ്സാരമായി വിചാരിക്കുന്നവരെന്നാണ്. സമയത്തിന്റെ വില മനസ്സിലാക്കാതെ, സുഖിയന്മാരായി, ക്രിയാത്മകമായി ഒന്നുംചെയ്യാതെ സമയത്തെ പാഴാക്കിക്കളയുകയെന്നത് ചില വ്യക്തികളുടെ സ്വഭാവമാണ്. സമയനിഷ്ഠപാലിക്കാത്തവരും സമയബന്ധിതമായി ഏറ്റെടുത്ത കർമം പൂർത്തീകരിക്കാത്തവരും ദീർഘസമയം വിശ്രമിക്കുന്നവരും മടിയന്മാരും ഈ വിഭാഗത്തിൽപ്പെടുന്നു. അതുകൊണ്ട് ഒരുനിമിഷവും വെറുതേ കളയാതെ മനുഷ്യർ കർമനിരതരാകണമെന്ന സന്ദേശമാണ് കിംക്ഷണന്മാർക്ക് വിദ്യയുണ്ടാകയില്ലാ എന്ന ദേവിയുടെ വാക്യത്തിൽനിന്ന് മനസ്സിലാക്കേണ്ടത്.
പണത്തിന്റെ അഥവാ ധനത്തിന്റെ അൽപാംശത്തെ നിസ്സാരമാക്കി ഉപേക്ഷിക്കുന്നവരെയാണ് ദേവി കിംകണന്മാർ എന്നുപറയുന്നത്. നൂറുപൈസകൾ ചേരുമ്പോഴാണ് ഒരു രൂപയാവുന്നത്. ഒരു രൂപ അനേകം ചേരുമ്പോഴാണ് നൂറുരൂപയും ആയിരംരൂപയും പതിനായിരം രൂപയും ലക്ഷംരൂപയും കോടിരൂപയും ആകുന്നത്. പണത്തിന്റെ ഏറ്റവും ചെറിയ അംശങ്ങൾ പൈസയും രൂപയുമാണ്. ഇവയെ അവഗണിക്കുന്നവർക്ക് സമ്പന്നരാകാൻ സാധിക്കുകയില്ലെന്നാണ് പാർവതീദേവി പറയുന്നത്. കടംവാങ്ങുന്നതിൽ ലജ്ജയില്ലാത്തവരെയാണ് കിമൃണന്മാരെന്ന് ദേവി പറയുന്നത്. കടംവാങ്ങി ജീവിക്കുന്നവർക്ക് മനസ്സമാധാനം ഉണ്ടാവുകയില്ലെന്ന് പാർവതീദേവി മുന്നറിയിപ്പ് നൽകുന്നു.
ദേവന്മാരെ അവഗണിക്കുന്നവരെയും ഈശ്വരനില്ലെന്ന് വാദിക്കുന്നവരെയും ദേവി വിശേഷിപ്പിച്ചത് കിംദേവന്മാർ എന്നാണ്. ദൈവവിശ്വാസികൾ ദൈവകോപത്തെ ഭയപ്പെടുന്നവരാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളായതുകൊണ്ട് തെറ്റുചെയ്യുന്നതിൽനിന്ന് അവർ സ്വയം പിന്തിരിയുന്നു. ആത്മവിശ്വാസം എന്ന് പറയുന്നതുതന്നെയാണ് ഈശ്വരവിശ്വാസം. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും പിന്നിൽ ഒരു ചൈതന്യമുണ്ട്. അതിനെയാണ് ആത്മാവ് എന്ന് പറയുന്നത്. അത് ശാശ്വതവും സനാതനവും സർവാശ്രയവുമാണ്. ശരീരമനോബുദ്ധിക്കപ്പുറത്തുള്ള ആത്മാവിൽ വിശ്വസിക്കുന്നവർക്ക് ആത്മധൈര്യമുണ്ടാകും. അവർക്ക് ഏത് പ്രതിസന്ധികളെയും തരണംചെയ്യാൻ സാധിക്കും. അല്ലാത്തവർക്ക് ജീവിതം ദുരിതപൂർണമായിരിക്കും. അവർക്ക് ഒരു ഗതിയും ഉണ്ടാവുകയില്ലെന്ന് പാർവതീദേവി മുന്നറിയിപ്പുനൽകുന്നു.
No comments:
Post a Comment