Monday, 14 June 2021

ആവണപ്പലക*


 പൂജാരിമാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതും പൂജയുടെ ഭാഗമായ ഒന്നാണല്ലോ ആവണപ്പലക .

പൂജിക്കുന്നവർക്കു പോലും ആവണപ്പലകയുടെ മഹത്വം അറിയില്ല എന്നത് നഗ്നമായ സത്യം തന്നെയാണ്.
ബ്രഹ്മാണ്ഡത്തിലെ സകല തത്വങ്ങളും ഉൾപ്പെട്ടതും സർവ്വ സൃഷ്ടി സങ്കീർണ്ണതകൾ നിറഞ്ഞതുമായ വിധിയാണ് ആവണപ്പലകയിലുള്ളത്.
പ്രപഞ്ചത്തിൻ്റെ ആകൃതി തന്നെയാണ് ആവണപ്പലകക്ക് ഉള്ളതെന്ന് നമുക്ക് കണ്ടാൽ അറിയാം.
എല്ലാറ്റിനേയും ധരിക്കുന്നതും, സകലത്തിനേയും ഉൾക്കൊള്ളുന്നതും, സർവ്വ സഹനകരമായതും എന്നാൽ ആത്മബുദ്ധിയെ പ്രചോദിപ്പിക്കുന്നതുമായ ഒരു ഇരിപ്പിട വസ്തുവായ ആവണപ്പലകയുടെ വിധി പ്രകാരമുള്ള കണക്ക് വൈദികകാല വിശ്വകർമ്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സഹനത്തിൻ്റെ പ്രതീകമായ ആമയുടെ ആകൃതി, ബ്രഹ്മാണ്ഡത്തിൻ്റെ ചെറിയ രൂപമാണെന്ന് മനസ്സിലാക്കിയ അതിബുദ്ധിമാന്മാർ ആയിരുന്നു വൈദിക കാല വിശ്വകർമ്മാക്കൾ.
കാരണം. അവർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും പൂർണ്ണത വേണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. 
ആവണപ്പലകയുടെ കണക്ക് പഞ്ചയോനി കണക്കാണ്. കൃത്യമായ ഉയരവും, വീതിയും, നീളവും ആവണപ്പലകയുടെ ആകർഷണ ശക്തി ബലപ്പെടുത്തുന്നതാണ്‌.
എത്ര പ്രയാസമുള്ള മന്ത്രവും ആവണപ്പലകയിൽ ഇരുന്ന് ജപിച്ചാൽ പെട്ടന്ന് ഹൃദ്യസ്ഥമാക്കുകയും മന്ത്ര ദേവത പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്ന വൈദിക കല വിശ്വകർമ്മാക്കളുടെ കണ്ടെത്തലിൽ നിന്നുമാണ് പൂജക്കും പൗരോഹിത്യവൃത്തിക്കും ആവണപ്പലക ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി തീർന്നത്.

"കൂർമ്മപീഠിക" എന്നതാണ് ആവണപ്പലകയുടെ യഥാർത്ഥ പേര്.
ബ്രഹ്മാണ്ഡതത്വം ഉൾപ്പെടുത്തിച്ചെയ്യുന്ന ഈ പീഠികയുടെ മദ്ധ്യഭാഗത്തിൽ വിശ്വകർമ്മാവും, അഞ്ച് വശങ്ങളിൽ അതായത് ആമയുടെ തല പോലുള്ള ഭാഗം പ്രണവം എന്ന തത്വത്തിൽ ഉൾപ്പെടുന്നു.
ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നീ നാല് വേദങ്ങളും, ആമയുടെ കാലുകൾ ആകുന്നു. അതായത് അഞ്ച് വേദങ്ങളും കൂടി ഈ ബ്രഹ്മാണ്ഡത്തെ താങ്ങി നിർത്തുന്നത് പോലെ. അഥവാ ബ്രഹ്മാണ്ഡം ഈ അഞ്ച് വേദങ്ങളേയും ഉൾക്കൊള്ളുന്ന പോലെയും ആകുന്നു. 
വിശ്വകർമ്മാവിൽ ഉൾപ്പെട്ട മുപ്പത്തി മുക്കോടി ദേവതകളും അമർത്ത്യരായി ഈ ആവണപ്പലകയിൽ അധിവസിക്കുന്ന സമുന്നതമായ ആ സങ്കൽപ്പത്തിൻ്റെ പേരിലും വൈദികകാല വിശ്വകർമ്മാക്കളെ നമിക്കേണ്ടതാണ്. 1008 മന്ത്രങ്ങളും, പ്രണവ - ഋഗ്വാദി വേദങ്ങളും, സർവ്വ ബീജങ്ങളും ചേർക്കയാൽ ഈ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുകയോ മന്ത്രം ജപിക്കുകയോ, ഹോമം നടത്തുകയയോ ചെയ്യുന്നതായാൽ സാക്ഷാൽ പരാശക്തി പ്രത്യക്ഷയാകും എന്ന വിശ്വകർമ്മാക്കളുടെ വിശ്വാസം, ആവണപ്പലകയുടെ ചെയ് വനയിൽ സൂക്ഷ്മനിരീക്ഷണവും, അതീവ ജാഗ്രതയും പരിപൂർണ്ണ ഭക്തിയും അത്യന്താപേക്ഷിതമാകുന്നു.

അതീവ ബുദ്ധിമാനായ ഒരു മരയാചാരിക്ക് മാത്രമേ (മയബ്രഹ്മപരമ്പര ) ഇത്തരം ഒരു ആവണപ്പലക വിധി പ്രകാരം ചെയ്യാനാകൂ. മേടമാസത്തിലെ ചിത്തിര നക്ഷത്രത്തിൽ ആരംഭിച്ച് എല്ലാമാസവും പൗർണ്ണമിയിൽ പൂജ ചെയ്ത് ശക്തി വരുത്തി മീനമാസത്തിൽ ഹസ്ലാ നക്ഷത്രത്തിൽ പണി പൂർത്തിയാക്കി മേടമാസത്തിലെ രാശ്യോദയാൽ പത്താം നാൾ ആദിത്യന് പൂജ ചെയ്യാൻ ആവണപ്പലക സജ്ജമാകുന്നു.
സൂര്യൻ ഏറ്റവും ഉച്ചത്തിൽ വരുന്ന ദിവസത്തിൽ ആവണപ്പലകയിൽ ഇരുന്ന് പൂജ ചെയ്യുന്ന പുരോഹിതന് സർവ്വ ഐശ്വര്യങ്ങളും സവിതാവായ വിശ്വകർമ്മാവ് നൽകുന്നു. അന്നേ ദിവസം ആ പലകയിൽ നിന്നും പ്രതിഫലിക്കുന്ന ഉത്തമ തേജസ്സ് പുരോഹിതന് വീണ്ടും വീണ്ടും കർമ്മശുദ്ധിയുണ്ടാക്കുകയും, ആ ശക്തി വീണ്ടും ആവണപ്പലകയിലേക്ക് പുരോഹിതൻ ആവാഹിക്കുകയും ചെയ്യുന്നു. അപ്രകാരം ആ പീഠത്തിന് അനസ്യൂതം ശക്തി പ്രതിഫലിക്കാനും ആർജിക്കാനും സാധിക്കുന്നു. 

ഇത്തരത്തിൽ ശക്തി വരുത്തിയ ആവണപ്പലക വൈദികകാല വിശ്വകർമ്മാക്കളുടെ പൗരോഹിത്യ കർമ്മത്തിന് ദിനംപ്രതി മാറ്റ് കൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ക്ഷേത്രങ്ങളിൽ ആവണപ്പലകകൾ കാണാറുണ്ടെങ്കിലും അതെല്ലാം ആകൃതിയിൽ മാത്രം ഒതുങ്ങുന്നു എന്നതാണ് സത്യം .

വൈദിക കാലഘട്ടത്തിൽ നിലമരത്തിൽ നിർത്തി കൊത്തിയെടുത്തിരുന്ന ആവണപ്പലകക്ക് ആയിരം സംവത്സരത്തോളം ആയുസ്സും മനുബഹ്മ
സന്തതികൾ നിശ്ചയിച്ചിരുന്നു. 
ആവണപ്പലകയുടെ ഉദ്ഘാടന ദിവസം ആ പീഠം ഉപയോഗിക്കുന്ന പുരോഹിതൻ അന്നദാനം മുതലായവ നടത്തിയിരുന്നു. ബ്രഹ്മത്തിൽ ഉൾപ്പെട്ട മുപ്പത്തിമുക്കോടി ദേവതകളേയും ഇത്തരം ആവണപ്പലകയിൽ ഇരുന്ന് പൂജിക്കാവുന്നതാണ്. ദുർമന്ത്രവാദികളും, ആഭിചാര പ്രവർത്തികളും, മദ്യം, മാംസം മുതലായവ ഉപയോഗിച്ചുള്ള പൂജകൾക്കും ഇത്തരത്തിൽ വിധികളോടെ തയ്യാറാക്കിയ ആവണപ്പലക ഉപയോഗിച്ചിരുന്നില്ല. അതിനായി നാല് കുതിരക്കാലുള്ള പീഠങ്ങളാണ് ഉപയോഗിച്ചിരുന്നത്. പഞ്ചഋഷിമാരായിരുന്ന മനു, മയ, ത്വഷ്ട, ശിൽപി, വിശ്വജ്ഞ എന്നീ പഞ്ച വേദികൾ ഹോമങ്ങൾക്ക് മുന്നോടിയായി പത്മങ്ങളും മറ്റും വരച്ചിരുന്നു.
ഭദ്രകം, സ്വസ്തിക ഭദ്രകം, ചക്രാബ്ജം, ശക്തിഭദ്രകം, ശിവമഹാകുംഭ, ഷഡ്ദളം, ശയ്യ മുതലായവയാണ് പ്രധാന പത്മങ്ങൾ.
അതിൽ ഭദ്രകം പഞ്ചഭൂതാത്മകമാകയാൽ അഞ്ച് ഋഷിമാരും അത് പൊതുവായി ഉപയോഗിച്ചിരുന്നു. 

ആവണപ്പലകയെ ബഹുമാനിക്കാത്ത പൂജാരിമാർ ചെയ്യുന്ന പൂജക്ക് പൂർണ്ണത കൈവരികയില്ല. കലശപൂജ, പ്രതിഷ്ഠാ പൂജ എന്നിവ പോലുള്ള വിശേഷ പൂജകൾ ആരംഭിക്കും മുമ്പ് വെറും നിലത്ത് ദർഭ വിരിച്ച് അതിലിരുന്ന് ആദ്യം ആവണപ്പലക ചാണകം മെഴുകി ശുദ്ധി ചെയ്ത സ്ഥലത്ത് വച്ച് ഭക്തിയോടെ പ്രണവം ജപിച്ച്, ഗുരുവിനെ ധ്യാനിച്ച് ദീക്ഷാ മന്ത്രം (ഉപാസനാ മന്ത്രം ജപിച്ച് പഞ്ചോപചാരത്തോടെ മണിയടിച്ച് പൂജിച്ച് കർപ്പൂര ആരതി നടത്തണം. ശേഷം ആവണപ്പലകയെ തൊട്ട് സാഷ്ടാംഗം നമസ്കരിച്ച ശേഷം പഞ്ചഭൂതാത്മക പ്രതീകമായ ആവണപ്പലകയെ മൂന്ന് പ്രദക്ഷിണം ചെയ്ത് മുന്നിൽ നിന്ന് തൊഴുകൈയോടെ യജമാനനോടും, ഭാരവാഹികളോടും ഭക്തജനങ്ങളോടും അനുവാദം ചോദിച്ച ശേഷം മാത്രമേ അതിൽ ഇരിക്കാൻ പാടുള്ളൂ. ഇരിക്കും മുമ്പ് ആവണപലക പൂജിച്ച പുഷ്പങ്ങൾ കൂട്ടിവാരി ഒരു ഭാഗം ക്ഷേത്ര/ ഭവന / യജ്ഞ യജമാനനും ബാക്കി പരികർമ്മികൾക്കും, അടുത്തുള്ള ശിഷ്യർക്കും, ഭക്തജനത്തിനും നൽകിയ യ ശേഷം കൈ കഴുകി ഇരുന്ന് പൂജകൾ ആരംഭിക്കാം. പൂജ കഴിയുമ്പോഴും ആവണപ്പലകയിൽ വെള്ളം തളിച്ച് തുടച്ച് കുറിയിട്ട്  മന്ത്രതന്ത്രലോപങ്ങൾക്കുള്ള പ്രായശ്ചിചിത്താർത്ഥം പുഷ്പാക്ഷതങ്ങൾ എടുത്ത് തൊഴുത് പ്രാർത്ഥിച്ച് ക്ഷമാപണം നടത്തി വീണ്ടും നമസ്കരിച്ച് അതിൽ വസ്ത്ര സഹിതം വെറ്റിലയും അടക്കയും ദക്ഷിണയും വയ്ക്കാം. ശേഷം ഭക്തജനങ്ങൾക്ക് ആവണപ്പലകയിൽ ദക്ഷിണ സമർപ്പിക്കാനും നമസ്കരിക്കാനും അനുവദിക്കാം. ആ ആവണപ്പലകയിൽ സമർപ്പിക്കുന്ന ദക്ഷിണ പൂജ ചെയ്ത ആചാര്യനുള്ളതും, ആവണപ്പലകയിൽ തൊട്ട് തൊഴുമ്പോൾ,/ നമസ്കരിക്കുമ്പോൾ ആചാര്യ പാദങ്ങളിൽ നമസ്കരിക്കുന്നതിന് തുല്യം തന്നെയാണ്.

തേൻവരിയ്ക്ക എന്ന പ്ലാവിൻ്റെ തടിയാണ് ആവണപ്പലക നിർമ്മാണത്തിന് വൈദിക കാല വിശ്വകർമ്മജർ ഉപയോഗിച്ചിരുന്നത്. ആവണപ്പലക നിർമ്മാണ ശിഷ്ടം വരുന്ന പൂളുകൾ ( പണിതതിൻ്റെ ബാക്കി ഭാഗങ്ങൾ ) ഗണപതി ഹോമം മുതലായവക്ക് ഉപയോഗിക്കാം.

ലഭ്യമാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ ചേർക്കുന്നതാണ്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുകയും, മറ്റുള്ളവർക്ക് ഈ വിവരങ്ങൾ കൈമാറുകയും ചെയ്യുമല്ലോ
പകർപ്പ്:-

No comments:

Post a Comment