Wednesday, 13 July 2016

പള്ളിയോടങ്ങളുടെ നാടുണരുന്നു...

പള്ളിയോടങ്ങളുടെ നാടുണരുന്നു...


വീണ്ടുമൊരു ഓണക്കാലം കൂടി സമാഗതമാകുന്നു . പൈതൃകഗ്രാമമായ ആറന്മുളയുടെയും അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന 51 പള്ളിയോടകരകളുടെയും ഓണക്കാലം ചിങ്ങമാസത്തിലെ പത്തു ദിവസത്തിൽ മാത്രം ഒതുങ്ങുന്നതല്ല . പള്ളിയോടകരകളിലെ ഓണാഘോഷം വള്ളവും വള്ളംകളിയുമായി ബന്ധപ്പെട്ടു കിടക്കുന്നു .

ജൂലൈ 15 മുതൽ ഒക്ടോബർ 2 വരെ നീളുന്നതാണ് വള്ളസദ്യ - വള്ളംകളി സീസൺ . ഏകദേശം രണ്ടരമാസക്കാലം ഇനി കരകളിൽ ഉത്സവതിമിർപ്പാണ്. കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പള്ളിയോടങ്ങൾ നീറ്റിലിറക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് കരക്കാർ. പള്ളിയോടക്കരകളുടെ നാഥനായ, ദേശദേവനായ തിരുവാറന്മുളയപ്പനുള്ള കരക്കാരുടെ കാണിക്കയാണ് ഓരോ പള്ളിയോടവും .

ഭഗവാന്റെ അദൃശ്യസാന്നിധ്യം ഓരോ പള്ളിയോടത്തിലുമുണ്ട് എന്ന് കരക്കാർ വിശ്വസിക്കുന്നു .തൃശ്ശൂരുകാരുടെ ആവേശമാണ് പൂരമെങ്കിൽ, പള്ളിയോടപ്രേമികളുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് തിരുവാറന്മുളയും പള്ളിയോടങ്ങളും.ലോകത്തിന്റെ ഏതുകോണിൽ ആണെങ്കിലും ഓണക്കാലത്ത് നാട്ടിലെത്തി പള്ളിയോടത്തിൽ കയറി തുഴയെറിയാൻ ആഹ്രഹിക്കുന്നവരാണ് പള്ളിയോടപ്രേമികൾ .ആറന്മുളപള്ളിയോടങ്ങൾ ഭക്തിയിൽ അധിഷ്ടിതമാണ് എങ്കിലും മത്സരവേശത്തിലും ഒട്ടും പിന്നിലല്ല ആറന്മുളക്കാർ .

ഭക്തിക്കും ആചാരത്തിനും ഇത്രയധികം പ്രാധാന്യം നൽകി ജലയാനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ജലമേള ലോകത്തിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല .തിരുവോണത്തോണിയിൽ ഭഗവാന് ഓണസദ്യക്കുള്ള വിഭവങ്ങളുമായി യാത്ര ചെയ്യാൻ കുമാരനല്ലൂരിൽ നിന്നു നദികൾ താണ്ടി ചുരുളൻ വള്ളത്തിൽ കാട്ടൂരിൽ എത്തുന്ന മങ്ങാട്ട് ഭട്ടതിരിയും, ഉത്രാടസന്ധ്യയിൽ കാട്ടൂരിൽ നിന്നു തിരിച്ചു പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണപ്പുലരിയിൽ ആറന്മുളയിൽ എത്തുന്ന തിരുവോണത്തോണിയും , പൂരുട്ടാതി നാളിൽ യാത്ര തുടങ്ങി മൂന്നു നദികൾ താണ്ടി കിലോമീറ്ററുകൾ യാത്ര ചെയ്ത് ആറന്മുളയിൽ എത്തുന്ന ചെന്നിത്തല പള്ളിയോടവും ഇതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ...

ഈ വർഷത്തെ വള്ളസദ്യ - വള്ളംകളി കാലത്തിനു തുടക്കം കുറിച്ചുകൊണ്ട് 2016 ജൂലൈ 15 ന് വള്ളസദ്യ വഴിപാട് ആരംഭിക്കും. ശ്രീ സുരേഷ് ഗോപി എം.പി ഭദ്രദീപം കൊളുത്തി വള്ളസദ്യ ഉത്‌ഘാടനം ചെയ്യും. ആദ്യ ദിവസം 8 പള്ളിയോടങ്ങൾക്ക് വള്ളസദ്യ വഴിപാട് നടക്കും. കീക്കൊഴൂർ - വയലത്തല, ചെറുകോൽ, പുന്നംതോട്ടം, തെക്കേമുറി ,മാരാമണ്, തൊട്ടപ്പുഴശ്ശേരി , ളാക - ഇടയാറന്മുള , കീഴ്‌ച്ചേരിമേൽ എന്നി പള്ളിയോടങ്ങളാണ് ആദ്യ ദിവസത്തെ വഴിപാട് സദ്യയിൽ പങ്കെടുക്കുന്നത് .

തിരുവിതാംകൂർ രാജകുടുംബം വക വഴിപാട് സദ്യ ആദ്യ ദിവസം നടക്കും. ചെറുകോൽ പള്ളിയോടത്തിനാണ് രാജകുടുംബം വക വള്ളസദ്യ . ഇതുവരെ 350 ന് മുകളിൽ വള്ളസദ്യകൾ ബുക്കിങ് ആയിട്ടുണ്ട് .

കഴിഞ്ഞതവണത്തെപ്പോലെ ഒരു ദിവസം 10 സദ്യകളാണ് നടക്കുക . ചില വിശേഷ ദിവസങ്ങളിൽ അതു 14 വരെ നടക്കും . വള്ള സദ്യയുടെ സുഗമമായ നടത്തിപ്പിന് പള്ളിയോടസേവാസംഘം ഈ വർഷം ചില പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ട് . അതിൽ ചിലത്  ഇവയാണ്. വള്ളസദ്യ വഴിപാടുകൾ ഏകജാലകസംവിധാനത്തിൽ പെടുത്തി പാക്കേജുകളായി ആയി തിരിച്ചിട്ടുണ്ട് ,ഇതിൻ പ്രകാരം ഏറ്റവും കുറഞ്ഞത് 200 പേർക്ക് ( ഒരു പള്ളിയോടം ) 50000/- രൂപയായി നിശ്ചയിച്ചിരിക്കുന്നു. ആളുകളുടെ എണ്ണത്തിനും പള്ളിയോടങ്ങളുടെ എണ്ണത്തിനും അനുസരിച്ചു് തുകയും വ്യത്യാസപ്പെട്ടിരിക്കും . പള്ളിയോടത്തിനുള്ള ദക്ഷിണ ഒഴിച്ചുള്ള എല്ലാ ചിലവുകളും ഇതിൽ അടങ്ങിയിരിക്കും . ക്ഷേത്രത്തിനുള്ളിൽ പറ നിറക്കുക ,പറ തളിക്കുക , മേളം, മുത്തുകുട , വെടി , തുടങ്ങി നിലവിലുള്ള എല്ലാ ചിലവുകളും പള്ളിയോടസേവാസംഘം നടത്തും . വഴിപാടുകാരന് പള്ളിയോടസേവാസംഘവുമായി അല്ലാതെ മറ്റാരുമായും ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരിക്കുന്നതല്ല . 2015 ൽ 5 വള്ളസദ്യാ വഴിപാടുകളിൽ താഴെ ലഭിച്ച പള്ളിയോടങ്ങൾക്ക്  ഈ വർഷം 5 സദ്യകൾ വരെ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതാണ്....

ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യ 2016 ഓഗസ്റ് 24 ന് നടക്കും . ഇത്തവണത്തെ അഷ്ടമിരോഹിണി വള്ളസദ്യയുടെ പാചകം ശ്രീ.പഴയിടം മോഹനൻ നമ്പൂതിരിയെയാണ് പള്ളിയോടസേവാസംഘം ഏൽപ്പിച്ചിരിക്കുന്നത് . അരലക്ഷത്തിൽ പരം ആളുകൾ എത്തുന്ന, ആറന്മുളക്ഷേത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിൽ ഒന്നായ അഷ്ടമിരോഹിണി വള്ളസദ്യ ആറന്മുളയ്ക്ക് വെളിയിൽ നിന്നുള്ള ഒരാളെ ഏൽപ്പിച്ചതിൽ കടുത്ത പ്രതിക്ഷേധമാണ്
പള്ളിയോടസേവാസംഘത്തിനെതിരെ ഉയരുന്നത് .

അഷ്ടമിരോഹിണി വള്ളസദ്യയുടെ പേരിലുണ്ടായ വിവാദങ്ങൾ ഭക്തജനങ്ങളിൽ വേദന ഉണ്ടാക്കിയിട്ടുണ്ട് .
ഏതായാലും എടുത്ത തീരുമാനവുമായി പള്ളിയോടസേവാ സംഘം മുന്നോട്ടു പോകുകയാണ് , അഷ്ടമിരോഹിണി സദ്യ അതിന്റെ എല്ലാ മികവോടെയും നടത്താൻ പഴയിടം നമ്പൂതിരിക്കും പള്ളിയോടസേവാസംഘത്തിനും കഴിയട്ടെ എന്ന് ആശംസിക്കാം,മറിച്ചാണെങ്കിൽ ശക്തമായ പ്രതിക്ഷേധമാകും പള്ളിയോടസേവാ സംഘം വരും ദിവസങ്ങളിൽ നേരിടേണ്ടി വരുക .

2016 സെപ്റ്റംബർ മാസം 13 ( ചിങ്ങം 28 ) ആം തിയതി ഉത്രാടം നാളിൽ ഭഗവാന് ഓണസദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്നും പള്ളിയോടങ്ങളുടെ അകമ്പടിയോടെ തിരുവോണത്തോണി പുറപ്പെടും . തിരുവോണപുലരിയിൽ ആറന്മുളക്ഷേത്രക്കടവിൽ എത്തുന്ന തിരുവോണതോണിയെ പള്ളിയോടകരക്കാരും ഭക്ത ജനങ്ങളും ചേർന്ന് സ്വീകരിക്കും . തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങൾക്കായി ഇത്തവണ പള്ളിയോടസേവാസംഘം ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട് .

തോണിയിൽ നിന്നു പള്ളിയോടം 50 അടി അകലം പാലിക്കണം,പള്ളിയോടങ്ങൾ തോണിക്ക്‌ പ്രദക്ഷിണം വെക്കുവാൻ പാടില്ല . തോണിയിൽ കയറി വിഭവങ്ങൾ എടുക്കാൻ പാടുള്ളതല്ല . തിരുവോണത്തോണിയിൽ മുട്ടുന്ന പള്ളിയോടത്തിന്റെയും ആ പള്ളിയോടത്തോട് ചേർന്ന് കിടക്കുന്ന 3 പള്ളിയോടങ്ങളുടെയും ഗ്രാന്റ് തടയുന്നതാണ് . തോണിയുടെ യാത്ര തടസ്സപ്പെടുത്തുന്നതും തോണിയിൽ തട്ടുന്നതും ക്രിമിനൽ കുറ്റമായി പരിഗണിച് ശിക്ഷണ നടപടികൾ സ്വീകരിക്കും.

ചിങ്ങം അവസാനമാണ് ഇത്തവണ തിരുവോണം എത്തുന്നത് , ഉതൃട്ടാതി വള്ളംകളി കന്നിമാസത്തിലും. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും പൂരുട്ടാതി നാൾ ഇല്ല അതുകൊണ്ടു തന്നെ ഈ വർഷവും മൂന്നു ജലോത്സവങ്ങൾ തുടർച്ചയായി നടക്കും . സെപ്റ്റംബർ 15 അവിട്ടം നാളിൽ റാന്നി അവിട്ടം ജലോത്സവവും മാലക്കര നെട്ടായത്തിൽ മാലക്കര അവിട്ടം ജലോത്സവവും നടക്കും . തൊട്ടടുത്ത ദിവസം സെപ്റ്റംബർ 16 ചതയം നാളിൽ അയിരൂർ പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവവും , ചെങ്ങന്നൂർ ഇറപ്പുഴ ചതയ ജലോത്സവവും നടക്കും . പൂരുട്ടാതി നാൾ ഇല്ലാത്തതിനാൽ തൊട്ടടുത്ത ദിവം തന്നെയാണ് വിശ്വപ്രസിദ്ധമായ ഉതൃട്ടാതി ജലമേള പമ്പയാറ്റിൽ അരങ്ങേറുക . ഭഗവാന്റെ അനുഗ്രഹമായ മന്നം ട്രോഫിക്ക് വേണ്ടി 51 പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത് . മത്സരവള്ളംകളിക്ക് മുന്നോടിയായി നയനാഭിരാമമായ ജലഘോഷയാത്ര നടക്കും .

ലോകത്തു മറ്റൊരിടത്തും കാണാൻ കഴിയാത്ത ദൃശ്യചാരുതയോടെ, മറ്റാർക്കും നൽകാൻ കഴിയാത്ത ഭാവതീവ്രതയോടെ, ആറന്മുള എന്ന പൈതൃകഗ്രാമം ലോകത്തിനു നൽകിയ, പകരം വയ്ക്കാനാവാത്ത ആ വർണ്ണകാഴ്ച... ആറന്മുള പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ... ഒരേ വേഷത്തിൽ , ഒരേ താളത്തിൽ , നയമ്പുകൾ കറക്കി തുഴഞ്ഞു, ജലത്തുള്ളികൾ ആകാശത്തേക്ക് വീശിയെറിഞ്ഞു കാണികളെ ആഹ്ലാദഭരിതരാക്കി 51 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ പങ്കെടുക്കും . തുടർന്നു മത്സരവള്ളംകളി . ഉതൃട്ടാതി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി പള്ളിയോടസേവാസംഘം ചില പുതിയ തീരുമാനങ്ങൾ ഈ വർഷം എടുത്തിട്ടുണ്ട് .

 1. ഉതൃട്ടാതി ജലമേളയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പലപ്പോഴും വിശിഷ്ടാതിഥികളെ ക്ഷണിക്കാറുണ്ട് , എന്നാൽ വിശിഷ്ടാതിഥി എത്താൻ വൈകുന്നതുമൂലം ജലമേള തുടങ്ങുന്നതിനുള്ള കാലതാമസം നേരിടുന്നു ,ഇതിനൊരു പരിഹാരമായി ഇനി മുതൽ പള്ളിയോടസേവാസംഘം പ്രസിഡെന്റ് ആയിരിക്കും ജലമേളയുടെ അധ്യക്ഷൻ .

2. വള്ളംകളിയുടെ സമയക്രമം പാലിക്കുന്നതിനായി പള്ളിയോടങ്ങൾ നിശ്ചിതസമയത്തിനു അരമണിക്കൂർ മുൻപ് നിശ്ചിതസ്ഥാനത്തു എത്തിയിരിക്കണം .

 3. പ്രാഥമിക മത്സരത്തിൽ പങ്കെടുത്തിട്ട് ലൂസേഴ്‌സ് ഫൈനൽ ,സെമിഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാത്ത പള്ളിയോടങ്ങളുടെ ഗ്രാന്റ് തടയുന്നതാണ് .

4. മത്സരക്ഷമതയില്ലാത്ത പള്ളിയോടം കുടെയുള്ളതുകൊണ്ട് മാത്രം ഒന്നിച് എത്താതിരിക്കുകയും ആ ബാച്ചിലെ മറ്റു പള്ളിയോടങ്ങൾ ഒന്നിച് കുറഞ്ഞ സമയത്തിനുള്ളിൽ മത്സരം പൂർത്തീകരിക്കുകയും ചെയ്താൽ അവർ അടുത്ത മത്സരത്തിലേക്ക് യോഗ്യരാകുന്നതാണ് .

 5.ആറന്മുളയുടെ പാരമ്പര്യ രീതിയിലല്ലാതെ പടിഞ്ഞാറൻ തുഴച്ചിൽ പരിശീലിക്കുന്ന പള്ളിയോടങ്ങൾ ഉതൃട്ടാതി വള്ളംകളയിൽ പങ്കെടുപ്പിക്കുന്നതല്ല .

6. ഓരോ അഞ്ചു വർഷം കൂടുമ്പോഴും പള്ളിയോടങ്ങളുടെ അളവുകൾ എടുത്തു കരകളെ ബോധ്യപ്പെടുത്തി ഏറ്റവും അമരപ്പൊക്കമുള്ള പള്ളിയോടങ്ങൾ ഒരേ ബാച്ചുകളായി തരം തിരിക്കുന്നതായിരിക്കും .... കഴിഞ്ഞ കുറെ വര്ഷങ്ങളായി ഈ രീതിയിൽ നടക്കുന്ന വള്ളംകളിക്ക് ജനപങ്കാളിത്തം കുറയുന്നു എന്നത് യാഥാർഥ്യമാണ് .കൂലിതുഴച്ചിൽ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ എടുത്ത ഈ തീരുമാനം എത്രത്തോളം ഫലം കണ്ടു എന്നത് പള്ളിയോടസേവാസംഘം ആത്മപരിശോധന നടത്തേണ്ടതാണ് . സെക്കന്റുകളുടെ വത്യാസത്തിലാണ് ഓരോ ബാച്ചും പുറംതള്ളപ്പെടുന്നത്‌. സ്റ്റാർട്ടിങ് പോയിന്റിൽ പള്ളിയോടം സ്റ്റാർട് ചെയ്യുമ്പോൾ രേഖപ്പെടുത്തുന്ന സമയം അതേ സമയം തന്നെ ഫിനിഷിങ് പോയിന്റിലും ഡിസ്‌പ്ലൈ ചെയ്താൽ ഒരുപരിധി വരെ ഇതിനൊരു വിശ്വാസത ഉണ്ടാവും . പഴയ രീതിയിലുള്ള വള്ളംകളിയുടെ ആവേശം ഈ മത്സരക്രമത്തിനില്ല എന്നുള്ളത് ഒരു പച്ചയായ യാഥാർഥ്യമാണ് . വരും വർഷങ്ങളിൽ എങ്കിലും ശക്തമായ നടപടികൾ എടുത്തു ആ പഴയ രീതി പുനഃസ്ഥാപിക്കും എന്ന് പ്രതീക്ഷിക്കാം ...

ഉതൃട്ടാതി വള്ളംകളിക്ക് രണ്ടു ദിവസത്തിന് ശേഷം 2016 സെപ്റ്റംബർ 19 നാണ് തിരുവൻവണ്ടുർ ജലമേള . ഈ ജലമേളയോടുകൂടി ഈ വർഷത്തെ ജലമേളകൾക്കും വിരാമമാകും . 2016 ഒക്ടോബർ 2 ന് ഞായറാഴ്ച നടക്കുന്ന വള്ളസദ്യയോടുകൂടി ഈ വർഷത്തെ വള്ളസദ്യക്കും സമാപനമാകും . ഈ വർഷം പുതുതായി പള്ളിയോടങ്ങൾ ഒന്നും എത്തുന്നില്ല എന്നുള്ളത് പള്ളിയോടപ്രേമികളെ സംബന്ധിച്ചു നിരാശയുളവാക്കുന്നതാണ് . വള്ളംകളി വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കു മുൻപേ തുടങ്ങിക്കഴിഞ്ഞു . ഈ വർഷത്തെ വള്ളസദ്യ വള്ളംകളി സീസണിന്റെ ആവേശം മാസങ്ങൾക്കു മുൻപേ നൽകി പുതുക്കിപ്പണികൾക്ക് ശേഷം മലപ്പുഴശ്ശേരി പള്ളിയോടം 2016 മെയ് 22 ന് പമ്പയിൽ നീരണിഞ്ഞു . നെടുംപ്രയാർ പള്ളിയോടം പുതുക്കിപ്പണികൾക്ക് ശേഷം നീരണിയാനുള്ള തയാറെടുപ്പിലാണ് . മറ്റു പള്ളിയോടങ്ങളെല്ലാം മീൻ നെയ്യ് ഇട്ടു ഒരുക്കി നീരണിയാൻ തയാറായി .....

കഴിഞ്ഞ 4 വർഷമായി ആറന്മുളയെപ്പറ്റിയും പള്ളിയോടങ്ങളെപ്പറ്റിയുമുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിലേക്കെത്തിക്കുന്ന " ആറന്മുള പള്ളിയോട സാംസ്കാരികസമിതി - പള്ളിയോടം ആറന്മുള " ഇത്തവണയും അതിനായുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു . ലോകമെമ്പാടുമുള്ള പള്ളിയോടപ്രേമികളുടെ കൂട്ടായ്മയായ ആറന്മുള പള്ളിയോട സാംസ്കാരികസമിതി കൂടുതൽ ജനകീയമാവുകയാണ് . തിരുവിതാംകൂർ - കൊച്ചി ആക്ട് പ്രകാരം രെജിസ്റ്റർ ചെയ്ത്  പ്രവർത്തനം തുടങ്ങുകയാണ് . സമിതിയുടെ ഔദ്യോഗികമായ ഉത്‌ഘാടനം ഈ ഓണത്തോടനുബന്ധിച്ചു നടക്കും. പള്ളിയോട തച്ചന്മാരെയും വഞ്ചിപ്പാട്ട് ആചാരന്മാരെയും ആദരിക്കാനും വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷങ്ങളിൽ നടത്തിവന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ആറന്മുളയുടെയും പള്ളിയോടങ്ങളുടെയും പമ്പയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാണ് സമിതിയുടെ തീരുമാനം . ആറന്മുളയുടെ പൂരത്തിന് കൊടികയറാൻ ഇനി ദിവസങ്ങൾ മാത്രം . ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലേക്ക് കടക്കുന്നു . 51 കരക്കാരും കാത്തിരിക്കുകയാണ് ആ സുദിനത്തിനായി.... തങ്ങളുടെ പള്ളിയോടത്തിലേറി വഞ്ചിപ്പാട്ട് പാടി തുഴയെറിഞ്ഞു  തിരുവാറന്മുളയിലെത്തി ഭഗവാനെ കാണാൻ , കാണിക്ക അർപ്പിച് തൊഴുത് ആ തിരുമുന്നിൽ മനസ്സു തുറന്നു പാടാൻ, ഭഗവൽ പ്രസാദം സ്വീകരിക്കാൻ .... അനർത്ഥങ്ങളും ആപത്തുകളും ഒഴിഞ്ഞു ഒരു നല്ല വള്ളസദ്യ - വള്ളംകളി കാലത്തിനായി പള്ളിയോടങ്ങളുടെനാഥനായ തിരുവാറന്മുളയപ്പനോട് പ്രാർത്ഥിച്ചുകൊണ്ടു നിർത്തട്ടെ ....  "" ഗോവിന്ദ തിരുരാമനാമസങ്കീർത്തനം ഗോവിന്ദാ ഹരി... ഗോവിന്ദാ ""

No comments:

Post a Comment